Sports
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ജയം മാത്രം മുന്നിൽക്കണ്ട് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങും.
എതിരാളി നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിഭാരം മറക്കാനും മുന്നോട്ടുള്ള യാത്രയ്ക്കും ഇന്ത്യക്കു ജയം അനിവാര്യം. ഓസീസ് ആകട്ടെ ടൂർണമെന്റിൽ ഇതുവരെ തോൽവി വഴങ്ങിയിട്ടില്ല. വിശാഖപട്ടണത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം.
ടോപ്പ് ഓർഡർ സേഫല്ല!
ഇന്ത്യയുടെ ടോപ്പ് ഓർഡർ ബാറ്റർമാർ ടൂർണമെന്റിനു മുന്‍പുണ്ടായിരുന്ന ഫോമിന്റെ നിഴൽ മാത്രമായി മാറിയത് തിരിച്ചടിയാണ്. സീനിയർ താരങ്ങളായ സ്മൃതി മന്ദാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ് എന്നിവരിൽ ആർക്കും ഇതുവരെ അർധസെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല.
ഓപ്പണർ പ്രതിക റാവൽ ലഭിക്കുന്ന മികച്ച തുടക്കം വലിയ സ്കോറിലേക്ക് എത്തിക്കാനാവാതെ തുടരുന്നു. ഹർലീൻ ഡിയോൾ ഫോമിന്റെ വഴി തുറന്നെങ്കിലും സ്ഥിരതയില്ല. മൂന്നു മത്സരം പിന്നിടുന്പോൾ രണ്ടു മത്സരത്തിൽ ജയം സമ്മാനിച്ചത് വാലറ്റത്തിന്റെ പോരാട്ടവും ബൗളിംഗ് മികവുമാണ്.
കണക്കുകളിൽ ആശങ്ക
ലോകകപ്പിലെ ഏഴ് ടീമുകളുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്ത്യയുടെ ടോപ്പ് ഫൈവ് ബാറ്റർമാരുടെ ശരാശരി 23.13 ആണ്. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പിന്നിൽ. രണ്ട് മത്സരങ്ങളെങ്കിലും കളിച്ച ടീമുകളിൽ ആദ്യ അഞ്ച് ബാറ്റർമാരിൽ 50ലധികം സ്കോർ ഇല്ലാത്ത ഒരേയൊരു ടീം. റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ടോപ്പ് ഫൈവ് പട്ടികയിൽ അഞ്ചാം സ്ഥാനത്തും. കണക്കുകൾ കളിഗതി വ്യക്തമാക്കും.
ഇന്ത്യൻ പ്രതീക്ഷ
2017 ലോകകപ്പ് സെമിഫൈനൽ, 2022 കോമണ്‍വെൽത്ത് ഗോൾഡ് മെഡൽ, 2023 ട്വന്റി20 ലോകകപ്പ് ഫൈനൽ തുടങ്ങി പ്രധാന മത്സരങ്ങളിൽ ഓസീസിനെ തച്ചുടയ്ക്കുന്ന ഹർമൻപ്രീത് കൗറിന്റെ മറ്റൊരു അവിസ്മരണീയ ഇന്നിംഗ്സ് ഇന്ത്യൻ ജയത്തിന് അനിവാര്യമാണ്.
വെടിക്കെട്ട് ബാറ്റിംഗ് ശൈലി പിന്തുടരുന്ന സ്റ്റാർ ബാറ്റർ സ്മൃതി മന്ദാനയും ജമീമ റോഡ്രിഗസും ഫോമിലേക്ക് ഉയർന്നാൽ ഇന്ത്യ സുരക്ഷിതമാകും. ക്രാന്തി ഗൗഡിന്റെ മിന്നും ഫോമും ദീപ്തി ശർമയുടെ ഓൾറൗണ്ട് പ്രകടനവും മത്സരത്തിൽ നിർണായകമാകും.
ടിക്കറ്റ് തീർന്നു!
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനുള്ള ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നു. ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ന് നടക്കുന്നത്. ഇൻഡോറിൽ ഇംഗ്ലണ്ടുമായി അടുത്ത മത്സരത്തിനുള്ള ടിക്കറ്റുകളും ഇതിനകം തീർന്നതായി ഐസിസി അറിയിച്ചു.
വ്യാഴാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട മത്സരത്തിൽ 12,000ത്തിലധികം പേർ എസിഎ- വിഡിസിഎ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. സ്കോർ ഇന്ത്യ: 251/10 (49.5) ദക്ഷിണാഫ്രിക്ക് 252/7 ( 48.5). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക് ഏഴു പന്തും മൂന്നു വിക്കറ്റും കൈയിലിരിക്കെ മറികടന്നു.
രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ ആറു റൺസ് ആയപ്പോഴേക്കും തസ്മിൻ ബ്രിട്ട്സ് പൂജ്യത്തിനു പുറത്തായി. തുടർന്ന് വന്നവർക്ക് നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഒരു ഘട്ടത്തിൽ 81/5 എന്ന നിലയിലായിരുന്നു.
ഓപ്പണർ ലോറ വോൾവാർട്ട് (70) നടൈൻ ഡി ക്ലെർക്ക് (84) എന്നിവർ കളം നിറഞ്ഞതോടെ കളി ഇന്ത്യയുടെ കൈയിൽ നിന്നും വഴുതിപ്പോയി. ക്ലോ ട്രയൺ (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ചുറി നേടിയ റിച്ച ഘോഷിന്റെ (94) ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. 102 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ റിച്ച - അമന്‍ജോത് കൗര്‍ (13) സഖ്യമാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ഏഴാം വിക്കറ്റിൽ ഇവരും 51 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ റിച്ചയ്ക്കൊപ്പം സ്നേഹ് റാണ ക്രീസില്‍ (33) എത്തിയതോടെ സ്കോറിന്റെ വേഗം കൂടി. ഇരുവരും 53 പന്തില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ചലോ ട്രിയൻ മൂന്നും മരിസെയ്ൻ കാപ്, നദിൻ ഡി ക്ലർക്ക്, നൊൻകുലുലെകോ മബ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
Kerala
വിശാഖപട്ടണം: വനിതാ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. വിശാഖപട്ടണത്ത് ഉച്ചകഴിഞ്ഞു മൂന്നിനാണ് മത്സരം.
ആദ്യമത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോല്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 88 റൺസിനാണ് പാക്കിസ്ഥാനെ തകർത്തത്.
അതേസമയം, ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് അടിയടറവ് പറഞ്ഞുകൊണ്ട് തുടങ്ങിയ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്.
International
ന്യൂഡൽഹി : ഇനി സംഘർഷമുണ്ടായാൽ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ മൂടപ്പെടുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇനിയൊരു ഏറ്റുമുട്ടലിന് സാഹചര്യമുണ്ടായാൽ പാക്കിസ്ഥാന്റെ ഭൂപടം തന്നെ മാറ്റേണ്ടിവരുമെന്ന കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് മറുപടിയായാണ് പാക് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സേനാ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു കരസേനാ മേധാവി പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയത്. ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മേയിലെ ഏറ്റുമുട്ടലിൽ പരാജയമടഞ്ഞതോടെ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇന്ത്യ ശ്രമം നടത്തുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിൽ ആസിഫ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ ആറ് ഇന്ത്യൻ പോർവിമാനങ്ങൾ തകർത്തെന്ന വാദം ആസിഫ് വീണ്ടും ആവർത്തിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആക്രമണങ്ങൾ പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ ഉൾപ്പെടെയുള്ള ഒരു ഡസനിലധികം സൈനിക വിമാനങ്ങൾ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തുവെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് 248 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 247ന് ഓൾഒൗട്ടായി.
ഹർലീൻ ഡിയോളിന്റെ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 65 പന്തുകൾ നേരിട്ട ഹർലീൻ 46 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി ഓപ്പണറുമാരായ പ്രതീക റാവലും സ്മൃതി മന്ദാനയും ചേർന്ന് 48 റണ്‍സെടുത്തു. റാവൽ 31 റണ്‍സും മന്ദാന 23 റണ്‍സുമെടുത്താണ് മടങ്ങിയത്.
ജെമിമ റോഡ്രിഗസ് 32, ഹർമൻപ്രീത് കൗർ 19, ദീപ്തി ശർമ 25, സ്നേഹ റാണ 20 റണ്‍സും നേടി. റിച്ചാ ഗോഷ് പുറത്താകാതെ 35 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഡയാന ബെയ്ഗ് നാല് വിക്കറ്റ് നേടി. സാദിയ ഇക്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ന്യൂഡൽഹി: ഏഷ്യ കപ്പ് ട്വന്റി20 ആവേശം അവസാനിക്കും മുന്‍പേ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2025ന് ഇന്ന് തുടക്കം. കപ്പുയർത്താൻ സർവ സജ്ജമായ ഇന്ത്യൻ സംഘം ശ്രീലങ്കയ്ക്കെതിരേ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഗുവാഹത്തി ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്കു മൂന്നിനാണ് മത്സരം.
സെപ്റ്റംബർ 30 മുതൽ നവംബർ രണ്ടു വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് 13-ാം പതിപ്പ് നടക്കുന്നത്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യക്ക് ഇത്തവണ കപ്പുയർത്താൻ വലിയ അവസരമാണുള്ളത്.
ചരിത്രത്തിലെതന്നെ മികച്ച ടീമാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന നീലപ്പട. ഏത ടീമിനെയും വീഴ്ത്താൻ കെൽപ്പുള്ളവർ; മികച്ച ഫോമിലും. ആതിഥേയരെന്ന മുൻഗണനയും ഗുണം ചെയ്യും.
ഇന്ത്യ- പാക്കിസ്ഥാൻ
പുരുഷ ക്രിക്കറ്റിലേതിന് സമാനമായി ഒക്ടോബർ അഞ്ചിന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിലായിരിക്കും എല്ലാവരുടെയും കണ്ണുകൾ. പുരുഷ ക്രിക്കറ്റ് നേട്ടത്തിനു പിന്നാലെ വനിത ക്രിക്കറ്റിലും ജയമാണ് ആരാധകരുടെ പ്രതീക്ഷ.
തുടർന്ന് ഒക്ടോബർ 12ന് ഓസ്ട്രേലിയയെയും 19ന് ഇംഗ്ലണ്ടിനെയും നിർണായക പോരാട്ടങ്ങളിൽ ഇന്ത്യ നേരിടും. റൗണ്ട് റോബിൻ ഫോർമാറ്റ് അനുസരിച്ച് ഓരോ മത്സരവും പ്രധാനമാണ്. മികച്ച നാല് ടീമുകൾ സെമിഫൈനലിൽ കടക്കും.
പാക്കിസ്ഥാൻ സെമിയിൽ പ്രവേശിച്ചാൽ മത്സരം ഒക്ടോബർ 29ന് കൊളംബോയിൽ നടക്കും. അല്ലെങ്കിൽ ഗുവാഹത്തി ആദ്യ സെമിഫൈനലിന് ആതിഥേയത്വം വഹിക്കും. ഓസ്ട്രേലിയ ഏഴും ഇംഗ്ലണ്ട് അഞ്ചും കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ ചരിത്രം കുറിക്കുകയാണ് ഇന്ത്യയുടെ പെണ്‍പടയുടെ ലക്ഷ്യം.
ടീം കരുത്ത്
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, രേണുക സിംഗ് താക്കൂർ, രാധ യാദവ് എന്നിവരുൾപ്പെടെ പരിചയസന്പന്നരും യുവതാരങ്ങളും ഉൾപ്പെടുന്ന ശക്തരാണ്.
സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി എത്തുന്ന ടീം വലിയ പ്രതീക്ഷയിലാണ്.
ബാറ്റർക്ക് അനുകൂലം
ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയം ബാറ്റിംഗിന് അനുകൂലമാണ്. പേസർമാർക്ക് തുടക്കത്തിൽ അനുകൂലമെങ്കിലും സ്പിന്നർമാർ ഒടുവിൽ കളം വാഴും. 10 പിച്ചുകൾ ഉൾപ്പെടുന്ന ഈ ഗ്രൗണ്ടിൽ ഇതുവരെ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. ഇവയെല്ലാം 2019ലാണ്.
കണക്കുകൾ പറയുന്നത്
ഇരുരാജ്യങ്ങളും തമ്മിലുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യക്ക് വലിയ മുൻതൂക്കമാണുള്ളത്. ശ്രീലങ്കയ്ക്കെതിരേ 33 മത്സരങ്ങളിൽ ഇന്ത്യ ജയം സ്വന്തമാക്കിയപ്പോൾ മൂന്ന് മത്സരമാണ് ശ്രീലങ്ക ജയിച്ചത്. അവസാനം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ അഞ്ച് എണ്ണത്തിലും ഇന്ത്യ ജയം നേടി.
ഇന്ത്യൻ വനിതാ ടീം
ഹർമൻപ്രീത് കൗർ (ക്യാപറ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ചേത്രി, രേണുക സിംഗ് താക്കൂർ, ദീപ്തി ശർമ, സ്നേഹ റാണ, ശ്രീ ചരണി, രാധ യാദവ്, അമൻജോത് കൗർ, അരുന്ധതി റെഡ്ഢി, ക്രാന്തി ഗാഡ്.
റിസർവ് താരങ്ങൾ: തേജൽ ഹസബ്നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, മിന്നു മണി, സയാലി സത്ഘരെ.
ശ്രീലങ്ക ടീം
ചമാരി അട്ടപ്പട്ടു (ക്യാപ്റ്റൻ), ഹാസിനി പെരേര, വിഷ്മി ഗുണരത്നെ, ഹർഷിത സമരവിക്രമ, കവീശ ദിൽഹാരി, നീലക്ഷിക സിൽവ, അനുഷ്ക സഞ്ജീവനി, ഇമേഷ ദുലാനി, ദേവ്മി വിഹാംഗ, പിയൂമി വത്സല, ഇനോക രണവീര, സുഗന്ദിക ദസനയക, ഉദേശിക പ്രബോധനി, മാൽകി മഡാര, അച്ചിനി കുലസൂര്യ.
റിസർവ് താരം: ഇനോഷി ഫെർണാണ്ടോ.
National
ഭോപ്പാൽ: പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഒന്നിനേയും ഭയപ്പെടുന്നില്ല. വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും പാക് സൈനിക മേധാവി അസിം മുനീറിന് പരോക്ഷ മറുപടിയായി മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നു. പാക്കിസ്ഥാൻ ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം നീക്കം ചെയ്തു. നമ്മൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകര ക്യാമ്പുകൾ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധ സേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
75-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും മധ്യപ്രദേശിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സഹായം ചെയ്യുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുന്നുവെന്നും പീറ്റർ നവാരോ വിമർശിച്ചു.
നരേന്ദ്ര മോദി ഒരു മികച്ച നേതാവാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, പക്ഷേ വ്ലാദിമിർ പുടിനും ഷി ജിൻപിംഗിനും മുന്നിൽ ഇന്ത്യയും മോദിയും കീഴടങ്ങിയെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
പുടിൻ യുക്രെയ്ൻ ആക്രമിക്കുന്നതിനു മുമ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ല. ഇപ്പോൾ റഷ്യൻ റിഫൈനറുകൾ കിഴിവുകൾ നൽകുന്നു. ഇന്ത്യ അത് ശുദ്ധീകരിച്ച് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് പ്രീമിയത്തിൽ വിൽക്കുന്നു. ഇത് റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്നും പീറ്റർ നവാരോ പറഞ്ഞു.
ഇന്ത്യ റഷ്യയുടെ ഒരു അലക്കുശാല മാത്രമാണെന്ന് അദേഹം പരിഹസിച്ചു. ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയത് ഇന്ത്യ താരിഫുകളുടെ മഹാരാജാവ് ആയതുകൊണ്ടാണെന്നും പീറ്റർ നവാരോ പറഞ്ഞു.
International
ടോക്കിയോ: ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയെ "പ്രതിഭകളുടെ ശക്തികേന്ദ്രം' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി "ഇന്ത്യയിൽ നിർമിക്കുക, ലോകത്തിനായി നിർമിക്കുക' എന്ന് ജപ്പാനിലെ വ്യവസായികളോട് ആഹ്വാനം ചെയ്തു. ലോകം ഇന്ത്യയെ വെറുതെ നോക്കുകയല്ല, മറിച്ച് ഇന്ത്യയെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
എഐ, സെമികണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബഹിരാകാശം എന്നിവയിൽ ഇന്ത്യ ധീരമായ ചുവടുകൾ വെച്ചുകഴിഞ്ഞു. ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ജപ്പാന്റെ സാങ്കേതികവിദ്യയ്ക്കും ഇന്ത്യയുടെ പ്രതിഭയ്ക്കും ഒരുമിച്ച് ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തെ നയിക്കാൻ കഴിയും. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ ഈ മാറ്റത്തിന് കാരണം പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നീ സമീപനങ്ങളാണ്. പ്രതിരോധ, ബഹിരാകാശ മേഖലകൾക്ക് ശേഷം ഇന്ത്യ ആണവോർജ മേഖലയിലും സ്വകാര്യ മേഖലയിലെ നിക്ഷേപം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയ, സാമ്പത്തിക സ്ഥിരത കൈവരിച്ച രാഷ്ട്രമാണ് ഇന്ന് ഇന്ത്യ. നയങ്ങളിലെ സുതാര്യതയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ, ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശത്തിനാണ് പ്രധാനമന്ത്രി ജപ്പാനിലെത്തിയത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. ഇവിടെ നിന്ന് ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി ഞായറാഴ്ച ചൈനയിലെത്തും.
Sports
തിരുവനന്തപുരം: ഇന്ത്യ ആതിഥ്യംവഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരവും വേദിയാകുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് നീക്കം.
ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ പൂര്‍ണമായും തിരുവനന്തപുരത്തേക്ക് മാറ്റുകയാണെങ്കില്‍ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാകും. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്.
ഒക്ടോബര്‍ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബര്‍ 26ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമിഫൈനല്‍ പോരാട്ടത്തിനും തിരുവനന്തപുരം വേദിയാകും. ടൂർണമെന്റിനു മുന്നോടിയായി സെപ്റ്റംബർ 25, 27 തീയതികളിൽ സന്നാഹ മത്സരങ്ങളുമുണ്ട്.
National
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ താന്‍ സംസാരിക്കില്ലെന്ന് ശശി തരൂര്‍. സംസാരിക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
ഓപ്പറേഷന് സിന്ദൂറിനേക്കുറിച്ച് വിശദീകരിക്കാനുള്ള സർവകക്ഷി സംഘത്തെ നയിച്ച ശശി തരൂരുമായി ഭിന്നത നിലനിൽക്കെയാണ് ചർച്ചയിൽ സംസാരിക്കുന്നത് സംബന്ധിച്ച് തരൂരിനോട് പാർട്ടി നിലപാട് തേടിയത്.
പ്രതിപക്ഷ ആവശ്യം അംഗീകരിച്ച കേന്ദ്രസർക്കാർ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ന് ലോക്സഭയിലും നാളെ രാജ്യസഭയിലുമായി 16 മണിക്കൂർ വീതം ചർച്ചയാണ് തീരുമാനിച്ചത്. പഹൽഗാം ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ച, ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യു.എസ് അവകാശവാദം തുടങ്ങിയവ പ്രതിപക്ഷം ഉന്നയിക്കും. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് ചർച്ചകൾക്ക് തുടക്കമിടും.